Tuesday, 18 February 2014

തേക്കുമരവും കുഞ്ഞിച്ചെടിയും

തേക്കുമരവുംകുഞ്ഞിച്ചെടിയും - ഒരിടത്ത് ഒരു കൂറ്റന്‍ തേക്കുമരവും ഒരു കുഞ്ഞു പുല്‍ച്ചെടിയും ഉണ്ടായിരുന്നു.. തേക്കുമരം അവന്റെ വലിപ്പത്തില്‍ അഹങ്കരിച്ചിരുന്നു.. കുഞ്ഞിച്ചെടിയെ നോക്കി അവന്‍ പറയും എനിക്ക് ഈ ലോകം മുഴുവന്‍ കാണാം... എന്തുയരമാ എനിക്ക്... ഒത്തതടിയും... നിനക്കോ..മെലിഞ്ഞുണങ്ങി...ഇന്നോ നാളയോ എന്നുപറഞ്ഞങ്ങു നില്‍ക്കുന്നു...

ഇങ്ങനെ എന്നും തേക്കുമരം കുഞ്ഞിച്ചെടിയെ കളിയാക്കുമായിരുന്നു...
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി... മാനമിരുണ്ടു... കാറ്റു ചൂളം വിളിച്ചടിയ്ക്കാന്‍ തുടങ്ങി... തേക്കുമരം നിന്നുലഞ്ഞു... കുഞ്ഞിച്ചെടി മണ്ണിനോട് ചേര്‍ന്ന് തലതാഴ്തി നിന്നു... കാറ്റിന്റെ ശക്തി കൂടി ...കനത്ത മഴയും...

ഠപ്പേ...!!! ദാ കിടക്കുന്നു തേക്കുമരം കടപുഴകി താഴെ...
അങ്ങനെ അവന്റെ അഹങ്കാരം അവസാനിച്ചു... കുഞ്ഞിച്ചെടിയോ.. മഴയും കാറ്റുമൊക്കെ മാറിയപ്പോള്‍ തല നിവര്‍ത്തി നിന്നു..ഇളം കാറ്റില്‍ ചാഞ്ചാടി..

സാരാംശം : വലിപ്പത്തിലല്ല... എളിമയിലാണ് കാര്യം

Monday, 17 February 2014

പൊന്മുട്ടയിടുന്ന താറാവ്

ഒരിടത്തൊരിടത്ത് ദാമു എന്നുപേരുള്ള ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു.. വളരെ പാവപ്പെട്ടവനായ അയാള്‍ കുടുംബം പുലര്‍ത്താന്‍ നന്നേ കഷ്ടപ്പെട്ടിരുന്നു. ഒരു നേരത്തെ ആഹാരത്തിനായി അയാള്‍ എല്ലുമുറിയെ പണിയെടുത്തിരുന്നു.

അങ്ങനെയിരിക്കെ അയാള്‍ ചന്തയില്‍ പോയപ്പോള്‍ അവിടെ ഒരാള്‍ താറാവിനെ വില്‍ക്കുന്നതു കണ്ടു. മുട്ട വിറ്റാല്‍ കുറച്ചു പൈസ ഉണ്ടാക്കാമെല്ലോ എന്നു ചിന്തിച്ച അയാള്‍ കുറച്ചു പൈസ കൊടുത്ത് താറാവിനെ വാങ്ങി.

വീട്ടില്‍ എല്ലാവര്‍ക്കും വളരെ സന്തോഷമായി. അവര്‍ ആ താറാവിന് നന്നായി തീറ്റകൊടുത്ത് വളര്‍ത്തി. അങ്ങനെയിരിക്കെ ആ സുദിനം വന്നെത്തി.. ആ താറാവ് ആദ്യമുട്ടയിട്ടു... മുട്ടയെടുക്കാനായി ചെന്ന ദാമുവിന്റെ ഭാര്യ ഞെട്ടി... അതൊരു സാധാരണ മുട്ടയായിരുന്നില്ല ... സ്വര്‍ണ്ണമുട്ട്... അവള്‍ അത്ഭുതത്തോടെ ദാമുവിനെ വിളിച്ചു... അയാള്‍ ഓടിവന്നു..അതെ ഇതു സ്വര്‍ണ്ണം തന്നെ.. അയാള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

നഗരത്തിലെ ഒരു കടയില്‍ അയാള്‍ അതു കൊണ്ടുപോയി വിറ്റ് ആവശ്യത്തിന് സാധനങ്ങളൊക്കെ വാങ്ങി... അങ്ങനെ അവര്‍ ആര്‍ഭാടപൂര്‍ണ്ണമായ ഒരു ജീവിതത്തിലേക്ക് നീങ്ങി.

അങ്ങനെയിരിക്കെ താറാവ് വീണ്ടും മുട്ടയിട്ടു...അതെ!! അതും സ്വര്‍ണ്ണം തന്നെ... അവര്‍ അതും കടയിലെത്തിച്ച് വിറ്റു. അങ്ങനെ അവര്‍ക്ക് കുറേ കാശുകിട്ടി.

അപ്പോളാണ് ദാമുവിന്റെ ഭാര്യയ്ക്ക് ഒരു ബുദ്ധി തോന്നിയത്.. ഈ താറാവിന്റെ ഉള്ളില്‍ എത്രയോ മുട്ടകള്‍ കാണും.. അതല്ലേ ഇതെപ്പോളും സ്വര്‍ണ്ണം തന്നെ ഇടുന്നത്... നമുക്ക് ഈ താറാവിനെ കൊന്ന് ആ സ്വര്‍ണ്ണം മുഴുവന്‍ എടുത്താല്‍ വലിയ വീടൊക്കെ വെച്ച് നഗരത്തില്‍ ചെന്ന് താമസിക്കാമെല്ലോ..
ഇതു കേട്ടപ്പോള്‍ ദാമുവിനും കൊതിയായി.. അവര്‍ ആ പാവം താറാവിനെ കൊന്നു.. കഷ്ടമെന്നു പറയട്ടെ... അതിന്റെ വയറ്റില്‍ ഒന്നുമില്ലായിരുന്നു... മുട്ടയിടുന്ന താറാവിനെ കൊന്നാല്‍ മുട്ട കിട്ടുമോ?
അവര്‍ ഇളിഭ്യരായി.. കാത്തിരുന്നെങ്കില്‍ അവര്‍ക്ക് താറാവിടുന്ന എല്ലാ സ്വര്‍ണ്ണമുട്ടയും കിട്ടുമായിരുന്നു.. കഷ്ടം..  കുറച്ചുനാള്‍ കൊണ്ട് അവരുടെ കാശൊക്കെ തീര്‍ന്ന് വീണ്ടും പാവപ്പെട്ടവരായി..

സാരാംശം: അത്യാഗ്രഹം ആപത്ത്

Sunday, 16 February 2014

ആമയും മുയലും

കൂട്ടുകാരേ നിങ്ങള്‍ ആമയുടേയും മുയലിന്റേയും കഥ കേട്ടിട്ടുണ്ടോ? ഒരിടത്ത് ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു. ആമയെ നിങ്ങള്‍ കണ്ടിട്ടില്ലേ.. പുറത്തൊരു തോടുമായി ഇഴഞ്ഞുനടക്കുന്ന ജീവി. എന്നാല്‍ മുയലോ കാണാന്‍ ചന്തമുള്ള വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ള ജീവി.
അങ്ങനെയിരിക്കെ കാട്ടില്‍ ഒരു ഓട്ടമത്സരം നടന്നു. മത്സരത്തില്‍ ആമക്കും മുയലിനും ഏറ്റുമുട്ടേണ്ടതായി വന്നു. മുയല്‍ ജയിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. എന്നാല്‍ ആമ മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മത്സരം തുടങ്ങി.
മുയല്‍ അതിവേഗം ഓടാന്‍ തുടങ്ങി, ആമയോ അതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ പതിയെ ഇഴയാനും തുടങ്ങി. ദൂരം കുറേ ആയി.. മുയല്‍ തിരിഞ്ഞു നോക്കി. ആമയുടെ പൊടിപോലും കാണാനില്ല.. എന്നാല്‍ കുറച്ചു നേരം വിശ്രമിച്ചിട്ട് ബാക്കി ഓടാം മുയം വിചാരിച്ചു. അവന്‍ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു...  ഓട്ടത്തിന്റെ ക്ഷീണത്തില്‍ അവന്‍ അവന്‍ പോലും അറിയാതെ ഉറങ്ങിപ്പോയി...
ആമയോ ലക്ഷ്യം മാത്രം നോക്കി അവനാല്‍ ആവും വിധം ഇഴഞ്ഞു..
കുറേ നേരം കഴിഞ്ഞപ്പോള്‍ മുയല്‍ ഉറക്കം എണീറ്റു.. അയ്യോ.. താമസിച്ചോ? വേഗം ഓടാം അവന്‍ വിചാരിച്ചു...
മുയല്‍ വേഗം ഓടി... അവന്‍ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ ആമ അവിടെ വിജയിശ്രീ ലാളിതനായി നില്‍ക്കുന്നുണ്ടായിരുന്നു...

ഇതില്‍ നിന്ന് എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസിലായി...
നാം എന്തു ചെയ്താലും അതില്‍ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ. ആരും നിസ്സരക്കാരല്ല...
മുയലിനെപ്പോലെ നമ്മളും മടിയന്മാര്‍ ആയാല്‍ മറ്റു പലരും നമ്മെ പിന്നിലാക്കി കടന്നു പോകും..

സത്യം ജയിക്കും, ധര്‍മ്മം പുലരും

മഹാഭാരത യുദ്ധം കഴിഞ്ഞ സമയം ധ്രതരാഷ്ട്രര്‍ പാണ്ഢവരെ വിളിച്ച് കൗരവ മാതാവായ ഗാന്ധാരിയെ കാണണമെന്ന് ഉപദേശിച്ചു. യുദ്ധത്തില്‍ മക്കളേയും ബന്ധുജനങ്ങളേയും നഷ്ടപ്പെട്ട ദുഖത്തിലായിരുന്നു ഗാന്ധാരി. പാണ്ഢവര്‍ കടന്നു വന്നപ്പോള്‍ ഗാന്ധാരി അവരെ ശപിക്കാനൊരുങ്ങി. എന്നാല്‍ പെട്ടന്ന് വ്യാസന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. "ഗാന്ധാരി നിന്റെ ദുഖത്തിന് ഇവര്‍ എങ്ങനെ കാരണക്കാരാവും? ധര്‍മ്മമുള്ളിടത്ത് വിജയമുണ്ടാകുമെന്ന് നീ മുന്‍പ് പറഞ്ഞത് മറന്നുവോ? പാണ്ഢവ പക്ഷത്ത് ധര്‍മ്മമുള്ളതുകൊണ്ടാണ് അവര്‍ വിജയിച്ചത്."
അത്രയും കേട്ടപ്പോള്‍ ഗാന്ധാരിക്ക് തെറ്റുമനസ്സിലായി.
ഗാന്ധാരി ശാന്തയാവുകയും പാണ്ഢവരെ സ്വീകരിക്കുകയും ചെയ്തു.